Sunday, 15 October 2017

കൂട്ടിലെ കിളി

കൂട്ടിലെ കിളികളുടെ പ്രത്യേകത എന്തെന്നറിയാമോ?

ആഗ്രഹങ്ങൾ ഉണ്ട്,ചിറകുകൾ ഉണ്ട്,പക്ഷേ ചിറകുകൾ പറക്കാനുള്ളതാണ് എന്ന തിരിച്ചറിവില്ല!

Sunday, 14 May 2017

വിരസമായ വർത്തമാന കാലത്തോട്..!

വിരസമായ ലോകമാണിത്.മടുപ്പിന്റെ മനുഷ്യർ അലഞ്ഞ് തിരിയുന്ന ഗോളം.എവിടെയും താളം പിഴച്ച നടത്തകൾ.രാവും പകലും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിരസത സകലരെയും കാർന്ന് തിന്നുന്നു.
ഹേയ് വിരസനായ മനുഷ്യാ,ഈ ഭൂമി എത്ര സുന്ദരമാണെന്ന് നീ ചിന്തിക്കാത്തത് എന്താണ്?ഇപ്പോൾ നീ ഒന്ന് കൺതുറന്ന് നോക്കൂ..മരങ്ങൾ,പൂക്കൾ, പക്ഷികൾ,ചിത്രശലഭങ്ങൾ,ആർക്കും കീഴടങ്ങാത്ത ആകാശം,പുഴകൾ,സമുദ്രം അങ്ങനെയങ്ങനെ..വർഷങ്ങൾക്ക് മുൻപ് ഇതിലും മനോഹരമായിരുന്നു ഇവയുടെ ഭൂതകാലം.നീ അവയൊന്നും ആസ്വദിക്കാൻ ശ്രമിക്കാതെ അവയുടെയെല്ലാം വിനാശത്തിലൂടെ വിരസത കൊയ്യാൻ തിടുക്കപ്പെട്ടു.
പ്രഭാതവും രാത്രിയും രണ്ട് മായജാലങ്ങളത്രെ..!അരുണകിരണങ്ങളുടെ വരവോടെ പൂക്കളെയും പക്ഷികളെയും തുടങ്ങി മനോഹരമായ സകലതിനെയും കാണിച്ചുതരുന്ന വിസ്മയമാണ് പകൽ.അനന്തമായ ആകാശത്തിൽ,നിലാവിന്റെ സാന്നിദ്ധ്യത്തിൽ,നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്ന അത്ഭുതം രാത്രിയുടെ മാത്രം സത്യമാണ്.
മടുക്കുന്ന മനസ്സിന്റെ മന്ത്രം പിറുപിറുക്കുന്ന നിന്നോട് സഹതാപത്തോടെ ഒന്നുകൂടി പറയട്ടെ.. ഇപ്പോൾ നിനക്ക് ഇതൊന്നും ആസ്വാദ്യകരമല്ലെങ്കിൽ തയ്യാറെടുക്കാം മരണമില്ലാത്ത പൂക്കൾക്ക് മണമില്ലാത്ത,പ്രകൃതിയിലെ സർവ്വചരാചരങ്ങൾക്കും ഗീതം പകരുന്ന പക്ഷികൾ മിണ്ടാത്ത,ഒഴുകിത്തീരാത്ത പുഴകൾ നീ കൊതിച്ച മണ്ണാകുന്ന,നിന്നെ രസിപ്പിക്കാൻ കഴിയാത്ത ആകാശം നിനക്ക് ചൂടാവുന്ന,ആനന്ദമേകുന്ന ഒന്നുമില്ലാത്ത ഈ ഗോളത്തിന്റെ ഭാവിയെ വരവേൽക്കാൻ..!

Sunday, 7 May 2017

ബാല്യത്തിന്റെ സ്മാരകങ്ങൾ

ബാല്യത്തിലെ മുറിവുകൾക്ക് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഓർമ്മകളാണ്. മുറിവുകളിൽ ഒഴുകി വേദനയുടെ കഥ കേട്ട ആ പച്ചപ്പിന് ആദ്യസൗഹൃദങ്ങളുടെ സ്നേഹമുണ്ടായിരുന്നു.തല തെറിച്ച കാലത്തിന്റെ മുറിവുകളിലെ രക്തത്തെ തുടച്ചുകളഞ്ഞ തിരിച്ചറിവിന്റെ അടയാളങ്ങൾ..!

Friday, 17 March 2017

ചുവന്ന സൂര്യൻ രാവിലെ വന്ന് ഉദിച്ച് നിൽക്കുമ്പോഴും കുളിരണിഞ്ഞ ഭൂമി ആ ഉഷ്ണത്തെ പ്രതിരോധിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?ചില മനുഷ്യർ ഏത് സ്വഭാവത്തെയും ചിരിച്ചുകൊണ്ട് പ്രതിഷേധിക്കുന്നപോൽ!

Tuesday, 3 January 2017

ഭ്രാന്തൻ

അയാൾ ഒരു ഭ്രാന്തനാണ്!
ചായ പാടകൾ മാത്രമേ അയാളെ സ്നേഹിക്കുന്നുള്ളൂ!
അയാൾ സ്നേഹിച്ചതാകട്ടെ ആകാശങ്ങളെയും ദൂരങ്ങളെയും!
ചുവപ്പുകളും കയ്യുകളും അയാളെ വെറുത്തു!
ഒരിക്കൽ:
രാജാവായി വാഴ്ത്തപ്പെട്ട ഭ്രാന്തൻ,തന്റെ രാജ്യത്തെ പണം കൊണ്ട് ഒരു കളി കളിച്ചു!
ചായ പാടകൾ മാത്രം അയാൾക്കൊപ്പം പാറിനിന്നു!
പ്രജകൾ കഴുതകൾ!
തെരുവിലിറങ്ങി ആ കളിയുടെ ഫലം അനുഭവിച്ചു!
രാജാവ് തന്റെ സുഹൃത്തുക്കളെ കാണാൻ പുഷ്പകവിമാനത്തിൽ യാത്രയായി!
അപ്പോഴും പാടകൾ രാജാവിനൊപ്പം നിന്നു!
രാജാവ് ഭ്രാന്തൻ അപ്പോഴും സുഹൃത്തുക്കൾക്കൊപ്പം വീണ വായിച്ചു!
കുറേ ദിവസം കഴിഞ്ഞ് രാജ്യത്ത് തിരിച്ച് വന്നപ്പോഴാണ് തന്റെ കളി കാര്യമായത് അയാൾ അറിയുന്നത്!
അറിവില്ലായ്മ കൊണ്ട് കളിച്ച കളിയാണ്!ഇനി വിഡ്ഢികളായ പ്രജകളെ അഭിനയം കൊണ്ട് കീഴ്പ്പെടുത്താം!
രാജാവ് മോങ്ങി!ചായ പാടകൾ രാജാവിനെ ന്യായീകരിച്ചു!
അപ്പോഴും കഴുതകൾ തെരുവിൽ!
രാജാവ് അടവ് മാറ്റി!ലക്ഷ്യങ്ങൾ മാറ്റി മാറ്റി പറഞ്ഞു!
കഴുതകൾ പുച്ഛിച്ചു!എന്നാലും രാജാവല്ലേ?അല്പം സമയം കൊടുക്കാം..!
ദുരിതം അനുഭവിച്ച കഴുതകളത്രയും ആ ദിവസത്തിന് കാത്തിരുന്നു!
അല്പം കഷ്ടപ്പെട്ടാലും രാജാവിന്റെ ലക്ഷ്യം നിറവേറിയോ എന്നറിയണം!
അങ്ങനെ ആ ദിവസം വന്നെത്തി..!
രാജാവ് വീണ്ടും കഴുതകൾക്ക് മുൻപിൽ!
എന്നിട്ടെന്തായി?
ഭ്രാന്തൻ കളിയുടെ ഫലം അറിയാൻ ഇരുന്ന കഴുതകളോട് കോപ്രായം കാണിച്ച് അയാൾ പോയി..!
അതെ അയാൾ ഒരു ഭ്രാന്തനാണ്!
അയാൾ മറ്റെന്ത് ചെയ്യാനാണ്!

Tuesday, 29 November 2016

ഇനിയും..

ബാല്യത്തിലെ അനുഭവങ്ങൾ എന്നും മറക്കാത്ത ഓർമ്മകളാണ്..!വീട്ടിൽ നിന്നും എന്നെങ്കിലും തറവാട്ടിലേക്ക് പോയിരുന്നത് ഒരുപാട് ഓർമ്മകളെ സമാഹരിക്കാൻ ആയിരുന്നു..!ഓട്ടോറിക്ഷയിലോ ബസിലോ പോയി അവിടെ ഇറങ്ങി കുന്നിറങ്ങി തറവാട്ടിലേക്ക് എത്തുന്നു..!വേലിയരികിലുള്ള തെച്ചിക്കായ് മുഴുവൻ ബാല്യത്തിന് സമ്മാനിക്കും.കാരണവന്മാർ അണിനിരന്ന തറവാടിന്റെ എൻട്രൻസിൽ ഒരു ചിരി വച്ച് കൊണ്ട് കുട്ടികളുടെ സഭയിലേക്ക് നീങ്ങും..!ആ ചെറിയൊരു യാത്രയിൽ പല മീശകളും പേടിപ്പിക്കും.കുട്ടികളുടെ ലോകം കുട്ടികളുടേത് മാത്രം ആയിരുന്നു..!പല കളികൾ!സാറ്റ് മുതൽ കള്ളനും പോലീസും വരെ.ഇടക്ക് വെച്ച് ട്രെന്റ് ആയ ക്രിക്കറ്റ് കാർഡ് നാട്ടിൻപുറത്തെ തന്നെ പിടിച്ചടക്കിയിരുന്നു..!ഏറ്റവും കൂടുതൽ ക്രിക്കറ്റ് കാർഡ് ഉള്ളവൻ മഹാരാജാവ്..!സച്ചിൻ ടെണ്ടുൽക്കറുടെ ക്രിക്കറ്റ് കാർഡ് സഭയുടെ വിജയം പലപ്പോഴും നിശ്ചയിച്ചു..!ശ്രീശാന്തും രമേശ് പവാറും എല്ലാം എപ്പോഴും പൊട്ടിച്ചിരി മാത്രം സമ്മാനിച്ചു..!ഗിൽക്രിസ്റ്റും പൊള്ളോക്കും പോണ്ടിങ്ങും മുരളീധരനും ലാറയും കയ്യിലുള്ള കാർഡുകളുടെ എണ്ണം വർധിപ്പിച്ചു..!

Sunday, 9 October 2016

നഗരങ്ങളിൽ അടച്ചുറപ്പുള്ള മുറികളിൽ സ്വാർത്ഥമായി ജീവിക്കുമ്പോൾ നമ്മെ മാത്രമേ നാം അറിയുന്നുള്ളൂ..!അതിനേക്കാൾ എത്രയോ മധുരമുള്ള അനുഭൂതിയാണ് ഗ്രാമങ്ങൾക്ക് നൽകാൻ ഉള്ളത്!ഗ്രാമം അത് മറ്റൊരു ലോകമാണ്!പൊതുവിദ്യാലയ്ങ്ങളും വായനശാലയും ചെറിയ റോഡുകളും നിശബ്ദതയും മനുഷ്യനെ മനുഷ്യനാക്കുന്ന സംസാരങ്ങളും, കുളക്കടവുകളും ആരാധനാലയങ്ങളും ഇടവഴികളും പരൽമീനുകളെ ചൂണ്ടയിട്ട് പിടിച്ച തോടുകളും പച്ചപ്പാർന്ന പാടങ്ങളും ,മണ്ണിന്റെ മനമറിഞ്ഞ മനുഷ്യരും..!ഇതല്ലേ സമാധാനത്തിന്റെ മണ്ണ്!